അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ തൊഴില്‍ ഉടമ്പടികള്‍ പുതുക്കാമെന്ന് യു എ ഇ

അബുദാബി: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ തൊഴില്‍ ഉടമ്പടികള്‍ പുതുക്കാമെന്ന് യു എ ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യാനുള്ള ശാരീരികശേഷിയുണ്ടായിരിക്കണം എന്നതാണ് പ്രധാനം.

ഗവണ്‍മെന്റ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് ശാരീരികക്ഷമത ഉറപ്പ് നല്‍കുന്ന രേഖാപത്രം സമര്‍പ്പിക്കണം. തൊഴിലാളിയുടെ യു എ ഇയിലെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പും ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യു എ ഇയിലെ താമസ വിസ തുടരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ചിരിക്കണം എന്നിങ്ങനെ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ ഉടമ്പടികള്‍ പുതുക്കാന്‍ മൂന്ന് ഉപാധികളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വച്ചത്.

തൊഴില്‍ ഉടമ്പടി കാലാവധി കഴിയുന്നതിന് മൂന്നുമാസം മുന്‍പ് തന്നെ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. വീട്ടുജോലിക്കാര്‍ സ്വകാര്യ നഴ്സുമാര്‍, പി ആര്‍ ഒ ജോലി ചെയ്യുന്നവര്‍ തുടങ്ങി പാചകക്കാര്‍, സ്വകാര്യ കാര്‍ഷിക എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധമായിരിക്കും.

തദ്ബീര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ, സ്മാര്‍ട്ട് ആപ്പ് മുഖേനയോ തൊഴിലാളികളുടെ സേവനം ആവശ്യപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രായം തൊഴിലിന് ബാധ്യതയാവാത്തവരെ കൂടെ നിര്‍ത്താന്‍ തൊഴിലുടമകള്‍ക്ക് ഈ തീരുമാനം സഹായകരമാവുമെന്ന് മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൂരി പറഞ്ഞു.

Comments are closed.