മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശ്വാസ വോട്ട് തേടണമെന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി : മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉടന്‍ വിശ്വാസ വോട്ട് തേടണമെന്ന ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണായക വിധി പറയും. തുടര്‍ന്ന് ഹര്‍ജി അടിയന്തരമായി പരിഗണിച്ച മൂന്നംഗ ബെഞ്ച്, ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ്, ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് സമര്‍പ്പിച്ച കത്തും ഫഡ്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഉത്തരവും ഇന്ന് രാവിലെ 10.30ന് ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

എന്നാല്‍ ഫട്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനും അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിക്കാനും ഗവര്‍ണറെ പ്രേരിപ്പിച്ചത് എന്താണെന്ന് ഈ രേഖകള്‍ പരിശോധിച്ച് കോടതിക്ക് ബോദ്ധ്യപ്പെടാനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയും രാവിലെ 11.30ന് ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിച്ച ജസ്റ്രിസ്മാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍, മുഖ്യമന്ത്രി ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍ ശിവസേനയ്ക്കും, അഭിഷേക് സിംഗ്വി കോണ്‍ഗ്രസിനും എന്‍.സി.പിക്കും വേണ്ടി ഹാജരായി. ബി.ജെ.പിക്കും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചിരുന്നു. അതിനാല്‍ ഇവ പരിശോധിച്ചശേഷം വിശ്വാസ വോട്ടെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനത്തിലെത്താമെന്നും കോടതി അറിയിച്ചു. എന്നാല്‍ തങ്ങളുടെ സഖ്യത്തിന് 165 എം. എല്‍. എമാരുടെ പിന്തുണയുണ്ടെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും ഇന്നലെ അവകാശപ്പെട്ടു.

മുഖ്യമന്ത്രി ഫട്‌നാവിസിന് 170 എം. എല്‍. എമാരുടെ പിന്തുണയുണ്ടെന്ന് ബി. ജെ. പിയും പറഞ്ഞു. ആകെ 288 അംഗങ്ങളാണ് സഭയില്‍ ഉള്ളത്.ബി. ജെ. പി ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ അതിന് അവര്‍ ആശ്രയിച്ച എന്‍. സി. പി വിമതന്‍ അജിത് പവാറിനൊപ്പം എത്ര എം. എല്‍.എമാരുണ്ടെന്ന് ഇന്നലെയും വ്യക്തമായില്ല. താനിപ്പോഴും എന്‍.സി.പിക്കാരന്‍ തന്നെയാണെന്നും ശരദ് പവാര്‍ തന്നെയാണ് നേതാവെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവനയെ ശരദ് പവാര്‍ തള്ളുകയുമായിരുന്നു. കൂടാതെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.