പ്രാരാബ്ധങ്ങൾക്കിടയിലും അനീതിക്കെതിരെ: സുൽത്താൻ ബത്തേരിയിലെ സ്റ്റാർ നിദ ഫാത്തിമ്മ

സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെറീന്റെ മരണത്തിന് പിന്നില്‍ അദ്ധ്യാപകരുടെ അനാസ്ഥയാണെന്ന് സമൂഹത്തോട് വിളിച്ച് പറഞ്ഞ കൊച്ചു മിടുക്കിയായ ഏഴാം ക്ളാസുകാരി, നിദഫാത്തിമയെ കേരള ജനത മറക്കില്ല.
അദ്ധ്യാപകര്‍ക്കെതിരെ നാവുയര്‍ത്താന്‍ പലരും ഭയപ്പെട്ടപ്പോള്‍ നിദ പതറിയില്ല. സത്യം വെളിപ്പെടുത്തണമെന്നവള്‍ ഉറച്ചു. കൂട്ടുകാരികളായ കീര്‍ത്തനയും വിസ്മയയുമാണ് ഒപ്പം നിന്നത്.

ഇത് ആദ്യമായല്ല നിദ സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്.
ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെതിരെ നടന്ന സമരത്തില്‍ നിരാഹാരമിരുന്നായിരുന്നു തന്റെ പ്രതിഷേധം അറിയിച്ചത്‌.  കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് ഭൂമിയില്‍ ഷീറ്റ്‌ മറച്ചുണ്ടാക്കിയ ഷെഡ്ഡിലാണ് അഞ്ചംഗ കുടുംബത്തിന്റെ താമസം. കൂലിപണിക്കാരനായ മാടപ്പള്ളി വീട്ടില്‍ ഫൈസല്‍ അലി റഹ്മാന്റെയും – ഉമ്മകുല്‍സുവിന്റെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ നിദ ഫാത്തിമയ്ക്ക് കഷ്ടപ്പാടുകള്‍ കൂടപ്പിറപ്പാണ്.

മൂത്ത സഹോദരി ഡിഗ്രിക്കും തൊട്ടുതാഴത്തെയാള്‍ നിദ പഠിക്കുന്ന സ്‌കൂളില്‍ പത്താം ക്ലാസിലുമാണ്.തന്റെ കുടുംബത്തിന്റെ പരിമിതികള്‍ തിരിച്ചറിയുന്നതിനാലാവണം വലിയ സ്വപ്നങ്ങളൊന്നുമില്ല നിദയ്ക്ക്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. പക്ഷേ,​ സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ പ്രതികരിക്കാതിരിക്കുന്നത് മനുഷ്യന് ചേര്‍ന്ന പ്രവര്‍ത്തിയല്ല ; അത് പ്രതികരണശേഷിയില്ലാത്ത മൃഗങ്ങള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണ്.

കൊള്ളരുതായ്മ നാം കണ്ടില്ലെന്ന് നടിച്ചാല്‍ വീണ്ടും കുറ്റം ചെയ്യാനുള്ള പ്രേരണ ഉണ്ടാകും.അനീതിക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കും നിശ്ചയദാർഢ്യം നിറഞ്ഞ നിദയുടെ വാക്കുകൾ. നിദയുടെ കഷ്ടപ്പാടും കുടുംബ പശ്ചാത്തലവും മനസിലാക്കിയ ഒരു മനുഷ്യസ്‌നേഹി മേപ്പാടിയില്‍ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തരുന്നു.എന്നാല്‍ കൈപ്പഞ്ചേരിയിലാണ് തങ്ങളുടെ വേരെന്നും ഇവിടെ നിന്നും മറ്റൊരു സ്‌ഥലത്തേക്ക് പറിച്ച്‌ നടുന്നത് വിഷമമാണെന്ന് നിദയയുടെ പിതാവ് പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.