കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭയില്‍ പ്രതിഷേധം

ന്യുഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് കാണിച്ച് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് സി.പി.എം അംഗവും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജനാധിപത്യ വിരുദ്ധമായ സംഭവങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി ചട്ടം 267 പ്രകാരം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് ഡി.എം.കെ, സി.പി.എം, സി.പി.ഐ അംഗങ്ങള്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭയില്‍ പ്രതിഷേധം നടത്തി. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ പിരിഞ്ഞു.

മഹാരാഷ്ട്രയില്‍ ജനാധിപത്യത്തിന്റെ ധ്വംസനമാണ് നടന്നിരിക്കുന്നതെന്നും സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് തനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു ചോദ്യവും ഉന്നയിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ വിഷയം ഗൗരവത്തോടെ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി സ്പീക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിനിടെ മാര്‍ഷല്‍മാരുമായി എം.പിമാര്‍ ഏറ്റുമുട്ടി. പ്ലക്കാര്‍ഡുമായി സഭയ്ക്കുള്ളില്‍ ബഹളം വച്ചവരെ സഭയ്ക്കു പുറത്താക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല നിര്‍ദേശം നല്‍കി. അംഗങ്ങളെ പുറത്താക്കുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ ബെന്നി ബഹ്നാന് പരിക്കേറ്റു. തന്നെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രശ്നത്തില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടെയാണ് രമ്യയുടെ കൈയ്ക്ക് പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമമുണ്ടായത്.

Comments are closed.