മഹാരാഷ്ട്രയില്‍ ഫട്നവീസ് സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിയമസഭയില്‍ ഫട്നവീസ് സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി വിശ്വാസ വോട്ട് തേടണമെന്ന് ജസ്റ്റീസ് എം.വി രമണ്ണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് പാടില്ല. നടപടികള്‍ പൂര്‍ണ്ണമായും മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യണം.

വിശ്വാസ വോട്ടെടുപ്പ് പ്രോടേം സ്പീക്കറുടെ അധ്യക്ഷതയില്‍ വേണമെന്നും ഉത്തരവിടുകയായിരുന്നു. എന്നാല്‍ പ്രോടേം സ്പീക്കര്‍ അടക്കമുള്ളവരുടെ നിയമനത്തിനും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കറുടെ തെരഞ്ഞെടുപ്പിനും സാവകാശം വേണമെന്നും അതിനാല്‍ വിശ്വാസവോട്ടെടുപ്പിന് രണ്ടാഴ്ച സാവകാശം വേണമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചിരുന്നത്.

പ്രോ ടേം സ്പീക്കറുടെ അധ്യക്ഷതയില്‍ വേണം വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടതെന്ന് പറഞ്ഞ കോടതി, പ്രോ ടേം സ്പീക്കറെ ഗവര്‍ണര്‍ നിയമിക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ പ്രോ ടേം സ്പീക്കര്‍ ആരായിരിക്കണമെന്നതില്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയോ എന്നതില്‍ വ്യക്തതയില്ല. കീഴ്വഴക്കം അനുസരിച്ച് സഭയിലെ മുതിര്‍ന്ന അംഗമാണ് പ്രോ ടേം സ്പീക്കര്‍ ആകേണ്ടത്.

അങ്ങനെ വന്നാല്‍ നിലവില്‍ സഭയിലെ മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസ് എം.എല്‍.എയായിരിക്കും പ്രോ ടേം സ്പീക്കറുടെ പദവിയില്‍ വരുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും നിലനിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. കുതിരക്കച്ചവടം അടക്കമുള്ളവ തടയുന്നതില്‍ സുപ്രീം കോടതിക്ക് ഭരണഘടനാപരമായ ബാധ്യത ഉണ്ടെന്ന് വ്യക്തമാക്കുന്ന വിധിയാണ് ഇന്ന് വന്നത്.

Comments are closed.