നടന്‍ ഷെയ്ന്‍ നിഗമിനെതിരെ നടപടിക്കൊരുങ്ങി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയിനുമായി ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി കടുത്ത നടപടിക്കൊരുങ്ങി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന. സിനിമയുടെ ഗെറ്റപ്പില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഷെയ്ന്‍ മുടി മുറിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നം സിനിമാ സംഘടനകള്‍ ഇടപെട്ട് ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു.

എന്നാല്‍ തന്നെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് മനഃപൂര്‍വം കഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ രംഗത്ത് വരികയായിരുന്നു. എന്നാല്‍ വെയില്‍ സിനിമയുടെ അണിയറക്കാരുമായി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുടി പറ്റെ വെട്ടിയും ഷേവ് ചെയ്തും ഇന്ന് ഷെയ്ന്‍ നിഗം നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിര്‍മ്മാതാക്കള്‍ കടുത്ത നടപടിയിലേക്ക് വന്നത്.

അഞ്ച് കോടിയിലധികം രൂപയുടെ രണ്ട് സിനിമകള്‍ ഷെയ്ന്‍ കാരണം മുടങ്ങിയിരിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഷെയ്ന്‍ കരാര്‍ ഒപ്പിട്ടതും ധാരണ ആയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്‍മാറും. നിര്‍മ്മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതാണ്.

Comments are closed.