ചാലക്കുടിയിലെ കാര്‍മല്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നാലാം ക്‌ളാസുകാരന്റെ കാലില്‍ പാമ്പു കടിയേറ്റു

തൃശൂര്‍: ചാലക്കുടിയിലെ കാര്‍മല്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയുടെ കാലില്‍ പാമ്പു കടിയേറ്റു. ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ഷൈജന്റെ മകന്‍ ജെറാള്‍ഡിനാണ് (9) ഇന്നലെ സ്‌കൂള്‍ മൈതാനത്ത് ഓടിക്കളിക്കുന്നതിനിടെ പാമ്പു കടിയേറ്റത്.

ഇന്നലെ വിശ്രമ വേളയില്‍ സ്‌കൂള്‍ പരിസരത്തും മൈതാനത്തും കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ജെറാള്‍ഡ് ക്ലാസ്സില്‍ മടങ്ങിയെത്തിയപ്പോള്‍ കാല്‍പ്പാത്തില്‍ ചെറിയ മുറിവും രക്തം പൊടിഞ്ഞതും കണ്ടിരുന്നു. തുടര്‍ന്ന് ജെറാള്‍ഡിനെ പാമ്പ് കടിച്ച വിവരമറിഞ്ഞ അദ്ധ്യാപകര്‍ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പിതാവിനെ വിളിച്ചു വരുത്തുകയും പിതാവ് ഷൈജനാണ് ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും തുടര്‍ന്ന്, അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

വിഷമേറ്റിട്ടില്ലെന്നാണ് പ്രാഥമിക രക്ത പരിശോധനയില്‍ തെളിഞ്ഞതെങ്കിലും കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടതു കാല്‍പ്പാദത്തില്‍ കടിച്ചത് ഏതിനം പാമ്പാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കുട്ടിയുടെ രക്തം ഇടവിട്ട് 10 തവണ പരിശോധിച്ച് വിഷാംശം കണ്ടെത്തിയാല്‍ മാത്രമേ പ്രതിവിഷം നല്‍കൂ. തുടര്‍ന്ന് 24 മണിക്കൂര്‍ നേരം നിരീക്ഷണത്തിലാണ്. അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിക്ക് മറ്റു അസ്വസ്ഥതകളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.