വയനാട്ടില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ മുങ്ങി

പുല്‍പ്പള്ളി: വയനാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളിയിലെ കൃപാലയ സ്‌കൂളില്‍വച്ച് പട്ടികവര്‍ഗ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാര്‍ക്കായി സ്പര്‍ശമെന്ന പേരില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ മുങ്ങി. രാവിലെ പത്തുമണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരുന്നു ക്യാമ്പ്.

ആറ് ഡോക്ടര്‍മാരടക്കം വിവിധ വകുപ്പുകളിലെ ഹെല്‍പ് ഡസ്‌കുകളും ക്യാമ്പില്‍ സജ്ജീകരിച്ചിരുന്നു. ആറ് ആംബുലന്‍സുകളിലായാണ് നൂറിലധികം രോഗികളെ ക്യാമ്പിലേക്കെത്തിച്ചത്. ശരീരം തളര്‍ന്നവരും മാനസികമായി വെല്ലുവിളി നേരിടുന്നവരുമടക്കമുള്ള രോഗികളെ വളരെ പാടുപെട്ടാണ് ക്യാമ്പിന്റെ സംഘാടകര്‍ സ്‌കൂളിലെത്തിച്ചത്.

എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്ത് മടങ്ങി നിമിഷങ്ങള്‍ക്കകം ഡോക്ടര്‍മാരും പോയിരുന്നു. തുടര്‍ന്ന് ക്യാമ്പിലെത്തിയ കിടപ്പുരോഗികളടക്കം അന്‍പതിലധികം പേര്‍ ചികിത്സ കിട്ടാതെ നിരാശരായി മടങ്ങി. ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക വ്യക്തമാക്കി.

Comments are closed.