ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേരെ കര്‍ഷക പ്രതിഷേധം

അമരാവതി: ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ചന്ദ്രബാബു നായിഡു കൊണ്ടുവന്ന വിവാദ പദ്ധതികള്‍ പലതും റദ്ദാക്കിയിരുന്നു. സ്ഥലങ്ങള്‍ ഓരോന്നായി തിരിച്ചെടുത്തതോടെ അമരാവതിയില്‍ നിശ്ചയിച്ചിരുന്ന വന്‍കിട പദ്ധതികള്‍ കമ്പനികള്‍ മടക്കി.

തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി ദേശീയാധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്ക് അമരാവതിയില്‍ വ്യാഴാഴ്ച സന്ദര്‍ശനത്തിനെത്തിയ നായിഡുവിന്റെ വാഹനത്തിനു നേരെ കര്‍ഷകര്‍ ചെരുപ്പെറിയുകയും നായിഡു തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

അമരാവതിയിലെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് നായിഡു സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. ഉന്‍ഡാവല്ലിയിലെ തന്റെ വസതിയില്‍ നിന്നാണ് അമരാവതിക്ക് പുറപ്പെട്ടത്. പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുനല്‍കിയ കര്‍ഷകരുമായി കൂടിക്കാഴ്ചയും നായിഡു നിശ്ചയിച്ചിരുന്നു. അമരാവതിക്കു പുറമേവെങ്കടയപാലം, കൃഷ്ണയപാലം, ഉദ്ദണ്ഡരായനി പാലം എന്നിവിടങ്ങളിലും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ നായിഡുവിനെ നേരിട്ടത്. നായിഡുവിന്റെ സംഘത്തിലെ ചിലര്‍ കര്‍ഷകരെ നേരിടാന്‍ വന്നത് സംഘര്‍ഷത്തിനും ഇടയാക്കി. തങ്ങളുടെ സ്ഥലത്തിന് നല്‍കിയ നഷ്ടപരിഹാരതുക മറ്റ് സ്ഥലങ്ങളില്‍ നല്‍കിയതിനെ അപേക്ഷിച്ച് കുറഞ്ഞുപോയി എന്നാണ് കര്‍ഷകരുടെ പ്രതികരണം.

Comments are closed.