സിനിമകളുടെ നഷ്ടം നികത്തുന്നതു വരെ ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി : സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഷെയിനെ കുറിച്ച് പല ലൊക്കേഷനുകളില്‍ നിന്നും പരാതിക്കൂമ്പാരമാണെന്നും കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം ഷെയിന്‍ നികത്തണമെന്നും മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെ ഷെയിനുമായി ഒരു ചിത്രത്തിലും സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

കൂടാതെ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. ഈ സിനിമകളുടെ നിര്‍മ്മാണം ഇവിടെ വച്ച് നിര്‍ത്തിവെക്കുകയാണെന്നും ഇതരഭാഷാ സംഘടനകളെയും ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

അഭിനയിക്കാന്‍ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിന്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഇക്കാര്യം ഷെയിന്റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് ലൊക്കേഷനില്‍ നിന്നും പോയ ഷെയിനുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതേസമയം മലയാള സിനിമയില്‍ ചെറുപ്പക്കാരായ ചില അഭിനേതാക്കള്‍ക്കിടയില്‍ എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വന്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും ഇതിനെതിരെ എന്തുകൊണ്ടാണ് പോലീസ് നടപടികള്‍ സ്വീകരിക്കാത്തതെന്നും ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന നടത്തണമെന്നും കാരവാനുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Comments are closed.