കനകമല കേസ് : യുവാക്കള്‍ മരണത്തിന്റെ വ്യാപാരികളോടൊപ്പം ചേര്‍ന്നത് ഹൃദയം നടുക്കുന്ന അനുഭവം

കൊച്ചി : കനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസില്‍ മതനിരപേക്ഷതയ്ക്കും സര്‍ഗവൃത്തിക്കും പേരുകേട്ട ഈ നാട്ടിലെ യുവാക്കള്‍ത്തന്നെ ഇത്തരം വഴിതെറ്റിയ ചിന്തകളുടെ പിന്നാലെ നീങ്ങിയത് ഹൃദയം നടുക്കുന്ന അനുഭവമാണെന്നു വിചാരണക്കോടതി പറഞ്ഞു. തുടര്‍ന്ന് ലോകത്തെ ശുചീകരിക്കുന്നതു സൂര്യപ്രകാശമാണെന്നു പറയപ്പെടുന്നുണ്ട്.

ആ സൂര്യപ്രകാശം ഈ യുവാക്കളുടെ മനസ്സില്‍ നേര്‍ബുദ്ധി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം. ആയിരക്കണക്കിനു നൂറ്റാണ്ടുകളുടെ പാരമ്പര്യം മനുഷ്യകുലത്തിനുണ്ട്. എന്നാല്‍ ജാതിയും മതവും വന്നിട്ടു വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന് ഇവര്‍ക്കു തിരിച്ചറിയാന്‍ കഴിയട്ടെയെന്ന് ശിക്ഷാവിധി പറയും മുന്‍പ് വിചാരണക്കോടതി ജഡ്ജി പി.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.

പ്രതികള്‍ക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നുമുള്ള ആരോപണങ്ങള്‍ കോടതി മുന്‍പാകെ തെളിയിക്കാന്‍ എന്‍ഐഎയ്ക്കും കഴിഞ്ഞിരുന്നില്ല. ഇതിന്റെകൂടി വെളിച്ചത്തിലാണു ജമാഅത്തെ ഇസ്ലാമി സമ്മേളനത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വാദത്തെ കോടതി വിമര്‍ശിച്ചിരുന്നു.

പ്രതികള്‍ ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചി മറൈന്‍ ഡ്രൈവിലെ സമ്മേളനത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആരോപണത്തെ കോടതി വിമര്‍ശിക്കുകയും ഇത്തരം ആരോപണങ്ങള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തും മുന്‍പു വ്യക്തമായ തെളിവുകള്‍ ശേഖരിക്കണമെന്നും കോടതി ഉപദേശിക്കുകയായിരുന്നു.

Comments are closed.