വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട്‌ എറിഞ്ഞിട്ടു; ഗുരുതരപരിക്ക്‌

കൊല്ലം: കടയ്ക്കൽ കാഞ്ഞിരംമൂട്ടിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനു നേർക്ക് പോലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞു. ഏറ് കൊണ്ട് നിയന്ത്രണം പോയ ബൈക്ക് എതിർദിശയിലൂടെ വന്ന ഇന്നോവ കാറിൽ ഇടിച്ചുമറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സിദ്ദിഖിന്റെ തലയ്ക്കും മുഖത്തുമാണ്ഗുരുതര പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ഇപ്പോഴുള്ളത്. സിദ്ദിഖിനു നേർക്ക് ലാത്തിയെറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനെ അന്വേഷണവിധേയമായി കൊല്ലം റൂറൽ എസ്.പി സസ്പെൻഡ് ചെയ്തു. റോഡിന്റെ വളവിൽനിന്നായിരുന്നു പോലീസിന്റെ പരിശോധന. ഇത് സിദ്ദിഖിന്റെ കണ്ണിൽപ്പെട്ടിരുന്നില്ല.

ബൈക്കിനു മുന്നിലേക്ക് ചന്ദ്രമോഹൻ എത്തിയെങ്കിലും സിദ്ദിഖിന് നിർത്താൻ സാധിച്ചുമില്ല. തുടർന്നാണ് ചന്ദ്രമോഹൻ ലാത്തിയെറിഞ്ഞത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് കാറിൽ ഇടിക്കുകയും സിദ്ദിഖ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കടയ്ക്കൽ സ്റ്റേഷനിൽവെച്ച് ചർച്ചകൾ നടത്താമെന്ന ഉറപ്പിനെ തുടർന്നാണ് ഇവർ പിരിഞ്ഞുപോകാൻ തയ്യാറായത്.  വളവിലും,മറവിലും ഉദ്യോഗസ്ഥർ വാഹനങ്ങൾ നിർത്തി പരിശോധന നടത്തരുതെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില നൽകിക്കൊണ്ടാണ് പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ ക്രൂരവിനോദങ്ങൾ നിർബാധം തുടരുന്നത്.

വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശമുള്ളതാണ്. ഇങ്ങനെ പോകുന്ന വാഹനങ്ങൾ ക്യാമറയോടുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയോ; ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയോ വേണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ലംഘനം കൂടിയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.