ബൈക്ക് യാത്രക്കാരനു നേരെ ലാത്തിയെറിഞ്ഞ പൊലീസുകാരനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസ്

കടയ്ക്കല്‍ : കൊല്ലം വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനു നേരെ ലാത്തിയെറിഞ്ഞ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംഘാംഗവും കടയ്ക്കല്‍ സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫിസറുമായ ചന്ദ്രമോഹനനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസെടുത്തു.

മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുക്കാതെ ചെയ്യുന്ന പ്രവൃത്തി മൂലം അപകടമുണ്ടായാല്‍ ചുമത്തുന്ന ഐപിസി 336, 337 വകുപ്പുകളാണു പൊലീസുകാരനെതിരെ ചുമത്തിയത്. ചന്ദ്രമോഹന്‍ എറിഞ്ഞ ലാത്തി ശരീരത്തില്‍ കൊണ്ടില്ലെന്നും ബൈക്കിനു മുന്നില്‍ വീണതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നും ഉള്ള റിപ്പോര്‍ട്ട് അനുസരിച്ചാണു കേസെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ചിതറ കിഴക്കുംഭാഗം പന്തുവിള ജാസ്മി മന്‍സിലില്‍ സുലൈമാന്റെ മകനാണു സിദ്ദീഖ്. ലാത്തിയെറിഞ്ഞ സംഭവത്തില്‍ പരിശോധനാ സംഘത്തിലെ എഎസ്‌ഐ ഷിബുലാല്‍, എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ സിറാജ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സിദ്ദിഖ് അപകടനില തരണം ചെയ്തു. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മുഖത്തേറ്റ പരുക്കുകള്‍ കാഴ്ചയെ ബാധിക്കുമോയെന്ന് അറിയാന്‍ വിശദ പരിശോധന വേണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിന്റെ (19) മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്നു റൂറല്‍ എസ്പി പറഞ്ഞു. സംഭവത്തില്‍ പുനലൂര്‍ ഡിവൈഎസ്പി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Comments are closed.