ടാറ്റ മോട്ടോര്‍സ് ഗ്രാവിറ്റാസ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

2020 ഫെബ്രുവരിയിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗ്രാവിറ്റാസ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ആദ്യം പുറത്തിറക്കിയ ജനപ്രിയ മോഡലായ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായിരിക്കും ടാറ്റ ഗ്രാവിറ്റാസ്.

ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ടാറ്റ ഗ്രാവിറ്റാസ് തുടക്കത്തിൽ സിംഗിൾ എഞ്ചിൻ ഓപ്ഷനിലാകും ലഭ്യമാവുക. 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ യൂണിറ്റായ ഹാരിയറിലെ അതേ എഞ്ചിന്റെ റീ-ട്യൂൺ ചെയ്ത പതിപ്പാണ് ഇത്.

ഗ്രാവിറ്റാസിലെ എഞ്ചിൻ 173 bhp കരുത്തും 350 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഹാരിയറിൽ വാഗ്ദാനം ചെയ്യുന്ന ഈ യൂണിറ്റ് 140 bhp മാത്രമാണ് സൃഷ്ടിക്കുന്നത്. ഈ എഞ്ചിൻ സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു.

എന്നിരുന്നാലും ഹാരിയർ അവതരിപ്പിച്ചതു മുതൽ ബ്രാൻഡിൽ നിന്നും ഒരു പെട്രോൾ എഞ്ചിൻ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടാറ്റയുടെ തന്നെ പ്ലാന്റിൽ വികസിപ്പെച്ചെടുത്ത ഈ പെട്രോൾ എഞ്ചിൻ ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1.6 ലിറ്റർ യൂണിറ്റിന്റെ രൂപത്തിലാണ് പുതിയ പെട്രോൾ എഞ്ചിൻ വരുന്നതെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇത് ഇപ്പോൾ ടാറ്റ ഗ്രാവിറ്റാസിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എസ്‌യുവി വിഭാഗത്തിലെ മിക്ക എതിരാളികൾക്കും സമാനമായ ടർബോചാർജ്ഡ് യൂണിറ്റും ഈ എഞ്ചിന് ലഭിക്കും.

ടാറ്റാ മോട്ടോർസ് 2020 ന്റെ രണ്ടാം പകുതിയിൽ പുതിയ പെട്രോൾ എഞ്ചിൻ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. പുതിയ പെട്രോൾ എഞ്ചിൻ ഒരേ സമയപരിധിക്കുള്ളിൽ ഗ്രാവിറ്റാസ്, ഹാരിയർ എസ്‌യുവികളിൽ അവതരിപ്പിക്കും.

പെട്രോൾ എഞ്ചിന് പുറമെ രണ്ട് കാറുകൾക്കും ഓട്ടോമാറ്റിക്ക് ഗിയർബോക്സ് സംവിധാനവും ഏർപ്പെടുത്തുന്നതിനായി കമ്പനി പ്രവർത്തിക്കുന്നുണ്ട്. ടാറ്റ ഹാരിയറും ഗ്രാവിറ്റാസും തുടക്കത്തിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് ഉപയോഗിച്ച് അവതരിപ്പിക്കും.

എന്നിരുന്നാലും, DCT ഗിയർബോക്സ് വികസിപ്പിക്കുന്നതിനായി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വികസിപ്പിച്ചു കഴിഞ്ഞാൽ, പുതിയ DCT ഗിയർബോക്സ് രണ്ട് മോഡലുകളിലും ടോർക്ക്-കൺവെർട്ടർ യൂണിറ്റുകൾക്ക് പകരമായി ഇടംപിടിക്കും.

ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം ആദ്യം 2019 ജനീവ മോട്ടോർ ഷോയിൽ ‘ബസാർഡ്’ എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നു. ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവിയാണ് ഗ്രാവിറ്റാസ്. സമാന രൂപകൽപ്പനയും സവിശേഷതകളും ഉപകരണങ്ങളും ഒപ്പം കുറച്ച് അധിക ഫീച്ചറുകളും വാഹനത്തിൽ ഇടംപിടിക്കും.

ഏഴ് സീറ്റർ എസ്‌യുവി, ഹാരിയറിന്റെ അതേ ഒമേഗ രൂപകൽപ്പനയുടെ ഭാഗമാണ്, മാത്രമല്ല ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ‘ഇംപാക്റ്റ് 2.0′ ഡിസൈൻ ഭാഷയുടെ ഭാഗവുമായി സംയോജിക്കുന്നു. 15 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

Comments are closed.