ആരെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. ആരും അനങ്ങിയില്ല ; ലതാകുമാരി വിതുമ്പി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേട്ട് ദീപാമോഹന് നേരെ ബുധനാഴ്ച നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ദീപാമോഹന്‍ സി.ജെ.എമ്മിന് നല്‍കിയ പരാതിയിലുള്ള സമാനമായ കാര്യങ്ങളാണ് ദൃക്സാക്ഷിയായ നേമം മൊട്ടമൂട് സ്വദേശി ലതാകുമാരിയും പറയുന്നത്.

ലതാകുമാരിയെ വാഹനമിടിച്ച് പരിക്കേല്പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദീപാമോഹന് നേരെ പ്രതിഷേധമുണ്ടായത്.
ഇതോടെ മജിസ്‌ട്രേട്ടിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന ബാര്‍ അസോസിയേഷന്റെ വാദം പൊളിഞ്ഞു.

‘ചേംബറിലേക്ക് ഇരച്ചുകയറിയ അഭിഭാഷകര്‍ കതകടച്ചാണ് അക്രമം കാണിച്ചത്. അവര്‍ മാഡത്തിനെ റെഡിയാക്കി. ഞാന്‍ ഓടി സര്‍ക്കാര്‍ അഭിഭാഷകന്റെ അടുത്തുപോയി. ആരെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. ആരും അനങ്ങിയില്ല’.അഭിഭാഷകര്‍ ഒരുപാട് പേരുണ്ടായിരുന്നു.

അവര്‍ മുദ്രാവാക്യങ്ങളും അസഭ്യവും വിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയാണോ ഒരുകോടതിയില്‍ പെരുമാറുന്നത്? ഒന്നു രണ്ടു പേര്‍ എന്റെ നേര്‍ക്കും വന്നു. പൊലീസ് അപ്പോ എന്നെ പിടിച്ചു മാറ്റി. എനിക്കത് ആലോചിക്കാന്‍ പോലും വയ്യ. ഏത് പൊലീസിനോടും ഇക്കാര്യങ്ങള്‍ ഞാന്‍ പറയും. പക്ഷേ സ്റ്റേഷനില്‍ ആരുടെയെങ്കിലും സാന്നിദ്ധ്യത്തിലേ പറയൂ. അല്ലെങ്കില്‍ എന്റെ മൊഴിയും വളച്ചൊടിക്കുമെന്ന് ഭയമുണ്ട്. ഒരു ജഡ്ജിയുടെ അനുഭവം ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും’- ലതാകുമാരി പറഞ്ഞു.

മജിസ്‌ട്രേട്ടിന്റെ പരാതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രന്‍, സെക്രട്ടറി പച്ചല്ലൂര്‍ ജയകൃഷ്ണന്‍ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

Comments are closed.