കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് അനുമതി

തിരുവനന്തപുരം: കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങിനല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുക. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര – സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക.

ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിക്കുകയായിരുന്നു. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി
അറിയിച്ചു.

Comments are closed.