എച്ച്.ഐ.വി ബാധിതരുടെ ഭാവിജീവിതം സുഗമമാക്കാന്‍ ആരോഗ്യസംരക്ഷണം

എച്ച്.ഐ.വി ബാധിതരുടെ ഭാവിജീവിതം സുഗമമാക്കാന്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. ആരോഗ്യസംരക്ഷണമാണ് ഇതില്‍ പ്രധാനം. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി പരിരക്ഷിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണ്.

നിങ്ങളുടെ ശരീരം കഴിയുന്നത്ര ആരോഗ്യകരമായി സൂക്ഷിക്കുന്നതിലൂടെ വൈറസുകളെയും മറ്റ് തരത്തിലുള്ള അണുബാധകളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എച്ച്.ഐ.വി ബാധിതരായ ആളുകള്‍ അവരുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

എച്ച്.ഐ.വി ബാധിതരായ ആളുകളുടെ ആരോഗ്യരക്ഷാ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടതാണ് സുരക്ഷിതമായ ലൈംഗികബന്ധം എന്നത്. എച്ച്.ഐ.വി മറ്റുള്ളവരെ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് വൈറസ് എങ്ങനെ പകരുന്നുവെന്ന് മനസിലാക്കുക. എച്ച്.ഐ.വി പകരുന്നത് തടയാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുക.

എച്ച്.ഐ.വി മരുന്നുകള്‍ക്ക് എച്ച്.ഐ.വി വൈറല്‍ ലോഡ് കുറയ്ക്കാനും അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും ലൈംഗിക പങ്കാളിക്ക് എച്ച്.ഐ.വി പകരാന്‍ എപ്പോഴും സാധ്യതയുണ്ട്. നിങ്ങളെയും പങ്കാളിയെയും സംരക്ഷിക്കാന്‍ സുരക്ഷിതമായ ലൈംഗിക പരിശീലനം നടത്തുക. കോണ്ടം ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

ഒരു എച്ച്.ഐ.വി രോഗിക്ക് സെക്ഷ്യലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷന്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് ലൈംഗിക രോഗങ്ങള്‍ അല്ലെങ്കില്‍ എസ്.ടി.ഐകള്‍ എന്നും അറിയപ്പെടുന്നു. അത് മറ്റൊരാളിലേക്കും പകരാനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (എസ്.ടി.ഡി) എച്ച്.ഐ.വിയെ വഷളാക്കാനും രോഗം മൂര്‍ച്ഛിക്കുന്നതിനും കാരണമാകും.

പല എസ്.ടി.ഡികളും രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാത്തതിനാല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗത കോണ്ടം കൂടാതെ ഓറല്‍ സെക്സിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്ത്രീ കോണ്ടം പോലുള്ളവയുണ്ട്. ലൈംഗിക കളിപ്പാട്ടങ്ങള്‍ പങ്കിട്ടാല്‍ കോണ്ടം ഉപയോഗിക്കണം.

എച്ച്.ഐ.വി നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനാല്‍ നിങ്ങളെ വൈറസ്, ബാക്ടീരിയ, അണുക്കള്‍ എന്നിവ പെട്ടെന്ന് ബാധിക്കുന്നതിന് സാധ്യത ഏറെയാണ്. നിങ്ങളുടെ കൈ ഇടയ്ക്കിടെ കഴുകി ശുചിയാക്കുക. കഴിയുന്നത്ര ആരോഗ്യവാനായി രോഗികളില്‍ നിന്ന് അകന്നുനില്‍ക്കുക.

എച്ച്.ഐ.വി ചികിത്സയില്‍ പ്രധാനമാണ് ഡോക്ടറുടെ ഉപദേശം. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ മരുന്ന് കഴിക്കേണ്ടത് നിര്‍ണായകമാണ്. മരുന്ന് ഒരു ദിവസം പോലും മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വൈറസിന് മരുന്നിനെ പ്രതിരോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു. ദിവസവും ഒരേ സമയം കുറിപ്പടികള്‍ പ്രകാരം മരുന്ന് കഴിക്കുന്നത് ഉറപ്പാക്കുക. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കല്‍ മരുന്ന് കരുതുക.

എച്ച്.ഐ.വി നിയന്ത്രിക്കാന്‍ നിങ്ങള്‍ മയക്കുമരുന്ന്, മദ്യം, പുകയില എന്നിവ ഒഴിവാക്കുക. ഇവ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിങ്ങളില്‍ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗം വിഷാദരോഗത്തിനും കാരണമാകും. പുകവലിയും ഉപേക്ഷിക്കുക.

പുകവലി എച്ച്.ഐ.വി ചികിത്സയുടെ ഗുണങ്ങളെ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. എച്ച്.ഐ.വി സംബന്ധമായ അണുബാധകള്‍, ബാക്ടീരിയ, ന്യുമോണിയ, ഹൃദയ രോഗങ്ങള്‍, അര്‍ബുദങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എച്ച്.ഐ.വി ബാധിതരില്‍ വിഷാദം സാധാരണമാണ്. എച്ച്.ഐ.വി ബാധിച്ചതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം വിഷാദരോഗ ലക്ഷണങ്ങളെ വഷളാക്കും. സമ്മര്‍ദ്ദവും വിഷാദവും എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട ശാരീരിക വേദനയെയും വഷളാക്കുന്നു. സമ്മര്‍ദ്ദം, വിഷാദം, വേദന എന്നിവ നിയന്ത്രണത്തിലാക്കുക.

ശാരീരികവും മാനസികവുമായ വ്യായാമം ഒരു എച്ച്.ഐ.വി രോഗിക്ക് തുടര്‍ജീവിതത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ്. വ്യായാമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് പോലുള്ളവയും പതിവ് ശാരീരിക വ്യായാമങ്ങളും നിങ്ങളെ ആരോഗ്യവാനാക്കി നിലനിര്‍ത്തുന്നു.

Comments are closed.