പൊലീസിന് ഹെലികോപ്റ്റർ; കരാറിൽ പരാതിയുമായി ചിപ്‌സൻ ഏവിയേഷൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കല്‍ കരാറില്‍ ദുരൂഹത ആരോപിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി. സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാർ ഉയര്‍ന്ന തുകക്ക് ഉറപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നാണ് പരാതിയില്‍ വിശദമാക്കുന്നത്.

സംസ്ഥാന സര്‍ക്കാറിനു വേണ്ടി കേരള പൊലീസ് വകുപ്പാണ് പവന്‍ഹന്‍സുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളില്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച്‌ ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്.
കരാർ പ്രകാരം പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ നല്‍കേണ്ടത് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ്.

5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ പ്രതിമാസം 37 ലക്ഷം രൂപക്കും 6 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സിംഗിള്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ 19 ലക്ഷം രൂപക്കും വാടക്ക് നല്‍കാമെന്നായിരുന്നു ചിപ്സണ്‍ വാഗ്ദാനം ചെയ്തതിരുന്നത്. എന്നാൽ പവന്‍ഹാന്‍സുമായി ഇപ്പോള്‍ ഉണ്ടാക്കിയ ധാരണത്തുകക്ക് 3 ഹെലികോപ്റ്റര്‍ പ്രതിമാസം 30 മണിക്കൂര്‍ വെച്ച്‌ പറത്താമെന്ന പുതിയ വാഗ്ദാനവും ചിപ്സണ്‍ മുന്നോട്ട് വെക്കുന്നുണ്ട്.

11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവന്‍ഹന്‍സ് വാടകക്ക് നല്‍കുന്നത്. എന്നാല്‍ ബംഗ്ളൂരു ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനനുമായി മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ നടത്തിയ ചര്‍ച്ചയില്‍ ഒരിടത്തും 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ് ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.