ഓഹരി ദല്ലാളായിട്ടുളള കാര്‍വിയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി

മുംബൈ: കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ ലൈസന്‍സ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പിന്നാലെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലക്കാതിരിക്കുന്നതിന്റെ പേരില്‍ മുംബൈ സ്റ്റോക്ക് എക്‌സചേഞ്ചും റദ്ദാക്കി. 95,000 ത്തോളം ഉപഭോക്താക്കളുടേതായി 2,300 കോടിയിലധികം രൂപയുടെ ഓഹരികള്‍ കാര്‍വി ദുരുപയോഗം ചെയ്ത് ഫണ്ട് വകമാറ്റിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

കാര്‍വിക്ക് ആകെ 12 ലക്ഷം ഉപഭോക്താക്കളാണുളളത്. ഇവരില്‍ മൂന്ന് ലക്ഷം പേര്‍ സജീവ ഉപഭോക്താക്കളാണ്. ദിവസവും 25,000 മുതല്‍ 30,000 വരെ ആളുകള്‍ ഇടപാടുകള്‍ നടത്തുകയുമാണ്. കാര്‍വിയുടെ ഉപഭോക്തക്കള്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് എടുക്കാതെ ഇനി പുതിയ ഇടപാടുകള്‍ നടത്താന്‍ അനുമതിയില്ല. എന്നാല്‍ ഡെറിവേറ്റീവ് വിഭാഗത്തില്‍ നിലവില്‍ പൂര്‍ത്തിയാക്കാനുളള ഇടപാടുകള്‍ നടത്താവുന്നതാണ്. ഇതോടെ ഓഹരി ദല്ലാളായിട്ടുളള കാര്‍വിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മുടങ്ങുകയാണ്.

Comments are closed.