യമഹയുടെ 2020 ചമാക്സ് 155 സ്‌കൂട്ടറിനെ അവതരിപ്പിച്ചു

WR 155R -ന് പിന്നാലെ 2020 N-മാക്‌സ് 155 സ്‌കൂട്ടറിനെയും ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. പഴയ പതിപ്പില്‍ നിന്നും ഒരുപിടി പുതുമകളുമായിട്ടാണ് N-മാക്‌സ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആഡംബര പ്രൗഡിയോടെയാണ് N-മാക്‌സ് വിപണിയില്‍ എത്തുന്നത്. എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍.

കോമ്പാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. ബ്ലുടൂത്ത് കണക്ടിവിറ്റിയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത് നല്‍കുന്നത്.

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 15 bhp കരുത്തും 6,000 rpm -ല്‍ 14.4 Nm torque ഉം സൃഷ്ടിക്കും ബ്ലൂ കോര്‍ എഞ്ചിന്‍ വഴി 41.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്.

1955 mm നീളവും 740 mm വീതിയും 1115 mm ഉയരവും 1350 mm വീല്‍ബേസും 135 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റി.

സുരക്ഷ വര്‍ധിപ്പിക്കന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും സ്‌കൂട്ടറിലുണ്ട്. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇന്ത്യന്‍ നിരത്തിലെത്തിയാല്‍ അപ്രീലിയ SR 150, വെസ്പ 150 എന്നിവയാകും N-മാക്‌സിന്റെ പ്രധാന എതിരാളികള്‍.

അതേസമയം സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്തിടെയാണ് യമഹ തങ്ങളുടെ ആദ്യ ബിഎസ് VI മോഡലുകളെ വിപണിയിലെത്തിച്ചത്. ജനപ്രിയ മോഡലായ FZ FI, FZ-S FI എന്നിവയുടെ ബിഎസ് VI പതിപ്പുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് മോട്ടോര്‍ സൈക്കിളുകളുടെയും ബിഎസ് VI പതിപ്പില്‍ ഡാര്‍ക്ക്നൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കും. FZ FI-യുടെ വില 99,200 രൂപയില്‍ നിന്നും FZ-S FI യുടെ വില 1,01,200 രൂപയില്‍ നിന്നുമാണ് ആരംഭിക്കുന്നത്. എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലയാണ്.

ഉടന്‍ തന്നെ ബിഎസ് VI, FZ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായി തുടങ്ങുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ ശ്രീ മോട്ടോഫുമി ഷിതാര അറിയിച്ചു.

മറ്റ് മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ മോഡലില്‍ നിന്നും നേരിയ വില വര്‍ധനവും ബൈക്കുകള്‍ക്കുണ്ടാകുമെന്നാണ് സൂചന.

Comments are closed.