ശബരിമല യുവതീ പ്രവേശനം ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അദ്ധ്യക്ഷനായ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നതാണ്.

ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയത് ബിന്ദു അമ്മിണിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായെത്തിയ ശബരിമല കര്‍മസമിതി പ്രവര്‍കരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും ഇവരെ തടയുകയും എന്നാല്‍ തിരികെപ്പോകില്ലെന്നും ശബരിമല ദര്‍ശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസും നിലപാടെടുത്തതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു.

തുടര്‍ന്നാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

Comments are closed.