എംജി. തങ്ങളുടെ ZS നെഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ രണ്ടാമത്തെ മോഡലിനെ അവതരിപ്പിച്ച് എംജി. ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ZS-നെ കമ്പനി അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ചൈനീസ് മോട്ടോര്‍ ഷോയിലാണ് ZS ഇലക്ട്രിക്ക് കമ്പനി ആദ്യം പ്രദര്‍ശിപ്പിച്ചത്. എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ നിന്നാണ് വാഹനം വാഹനങ്ങള്‍ പുറത്തിറക്കുന്നത്. വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്.

വാഹനം അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാകും ZS ഇലക്ട്രിക്ക് എംജി പുറത്തിറക്കുക.

ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. പനോരമിക് സണ്‍റൂഫും കാറില്‍ ഇടംപിടിക്കും.

മൊത്തത്തില്‍ ബ്ലാക്ക് തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ് മറ്റൊരു സവിശേഷത. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവയും അകത്തളത്തെ സവിശേഷതയാണ്.

ഹെക്ടറില്‍ കണ്ട ഐസ്മാര്‍ട്ട് ടെക്‌നോളജിയും ഇലക്ട്രിക്ക് എസ്‌യുവിയില്‍ ഇടംപിടിക്കും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വോയിസ് കമാന്‍ഡുകള്‍, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ നിയന്ത്രിക്കാനാകുന്ന സംയോജിത സിം വാഹനത്തില്‍ ലഭിക്കും. 4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിന് ഉള്ളത്.

44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക്ക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നും കമ്പനി അവകാശപ്പെടുന്നു.

സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം. 8.5 സെക്കന്റഡില്‍ പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ 50kW ലോ DC ഫാസ്റ്റ് ചാര്‍ജറുകള്‍ നല്‍കുന്നതിന് എംജി മോട്ടോര്‍ ഫോര്‍ട്ടം എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഈ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജറുകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വാഹനം 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരു നഗരത്തിലെ ഓരോ 5 കിലോമീറ്ററിലും ഹൈവേകളില്‍ ഓരോ 25 കിലോമീറ്ററിലും ചാര്‍ജര്‍ സ്ഥാപിക്കാനാണ് ഫോര്‍ട്ടം ലക്ഷ്യമിടുന്നത്. അതിനൊപ്പം തന്നെ ഒരു AC ചാര്‍ജറും ഇതിനൊപ്പം കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍ക്കും. ഇത് ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടിലോ, ഓഫിസിലോ ഇന്‍സ്റ്റാള്‍ ചെയ്യാനും, പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

Comments are closed.