ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം : അന്വേഷണം സി.ബി.ഐയ്ക്കു വിടാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫും ഇരട്ട സഹോദരി ആയിഷയും എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരള എംപിമാരോടൊപ്പം പാര്‍ലമെന്റിലെത്തി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടതിനെത്തുടര്‍ന്ന് അന്വേഷണം സി.ബി.ഐയ്ക്കു വിടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് അറിയിച്ചു.

കൂടാതെ ഫാത്തിമയുടെ മരണത്തിലും സാങ്കേതിക സര്‍വകലാശാലകളിലെ ദുരൂഹ മരണങ്ങളിലും സ്വതന്ത്ര അന്വേഷണം വേണമെന്ന നിവേദനം ലത്തീഫ് കൈമാറി. ഇതിനു പുറമേ രാഹുല്‍ ഗാന്ധി അടക്കം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കി.എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, ടി.എന്‍ പ്രതാപന്‍, പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ഇ.ടി മുഹമ്മദ് ബഷീര്‍, കെ. സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, രമ്യാ ഹരിദാസ്, ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ, കൊല്ലം മുന്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തെ ഐ.ഐ.ടികളിലെ ദുരൂഹ മരണങ്ങളില്‍ മറ്റൊരു സി.ബി.ഐ സംഘവും അന്വേഷണം നടത്തും. നിലവില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തടസപ്പെടില്ലെന്നും സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും സി.ബി.ഐ അന്വേഷണത്തില്‍ തത്വത്തില്‍ തീരുമാനമായെന്നും അമിത്ഷാ വ്യക്തമാക്കി. ഫാത്തിമയുടെ മരണ വിവരം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവം സി.ബി.ഐ അന്വേഷിക്കുമെന്ന് അദ്ദേഹവും ഉറപ്പു നല്‍കിയിരുന്നു.

Comments are closed.