രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി

മലപ്പുറം: കരുവാരക്കുണ്ട് ഗവണ്‍മെന്റ് എച്ച്.എസ്. സ്‌കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി പ്രസംഗം തുടങ്ങിയ ശേഷം ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന ചോദ്യത്തില്‍ സദസിലെ മുന്‍നിരയില്‍ നിന്ന് ഞാന്‍ റെഡി – പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി സഫ ഫെബി തയ്യാറായി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരിഭാഷയ്ക്കായി തയ്യാറായി നില്‍ക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി പരിഭാഷയ്ക്ക് സഹായം ചോദിച്ചത്. വാക്കുകള്‍ ലളിതമാക്കിയും വേഗം കുറച്ചും രാഹുല്‍ഗാന്ധി പ്രസംഗിച്ചപ്പോള്‍ സഫ കട്ടയ്ക്ക് പിടിച്ചു നിന്നു. അപ്രതീക്ഷിത ചോദ്യം സഭാകമ്പം ഒട്ടുമില്ലാതെ വാക്കുകളും ആശയവും ഒഴുകിയപ്പോള്‍ കൂട്ടുകാരുടെ കൂട്ടകൈയടി. രാഹുല്‍ഗാന്ധിയും ഹാപ്പി.

സ്‌നേഹസമ്മാനമായി ചോക്ലേറ്റ് നല്‍കിയ രാഹുല്‍ നന്ദിയും അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വലിയ ആരാധികയായ സഫയ്ക്ക് കൂടെ നിന്നൊരു ഫോട്ടോയെന്ന ആഗ്രഹവും സാധിച്ചു. ശാസ്ത്രം പഠിക്കാന്‍ തുറന്ന മനസാണ് വേണ്ടതെന്നും മറ്റുള്ളവരുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും രാഹുല്‍ഗാന്ധി കുട്ടികളോട് പറഞ്ഞു. പരിഭാഷ തെറ്റിയാലോയെന്ന് ഭയന്നപ്പോള്‍ കൂട്ടുകാരുടെ പിന്തുണ കരുത്തേകിയതായി സഫ പറയുന്നു.

Comments are closed.