എയര്‍ടെല്ലും വോഡാഫോണും നല്‍കുന്ന സൗജന്യ വോയിസ് കോള്‍ ഓഫറുകളില്‍ പരിധികളില്ല

ടെലിക്കോം മേഖലയിൽ മത്സരവും സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും ഒരുപോലെ വർദ്ധിക്കുകയാണ്. ഇതിനിടെ എയർടെല്ലും വോഡാഫോണും നൽകുന്ന സൗജന്യ വോയിസ് കോൾ ഓഫറുകളിൽ പരിധികളൊന്നും ഉണ്ടാവില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.

വോഡാഫോണിൽ നിന്ന് ഇനി ദിവസേന ഉള്ള ലിമിറ്റ് ഇല്ലാതെ ഉപയോക്താവിന് എത്ര സമയം വേണമെങ്കിലും മറ്റ് നെറ്റ്വർക്കുകളിലേക്ക് അടക്കം വിളിക്കാൻ കഴിയും. താരിഫ് വർദ്ധനയോടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗിച്ച് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ കോളുകൾ ആസ്വദിക്കാം എന്നും ഈ കോളുകൾക്ക് യാതൊരുവിധ പരിധിയും ഉണ്ടായിരിക്കുകയില്ലെന്നും വോഡാഫോൺ ട്വിറ്ററിലൂടെ അറിയിച്ചു. താരിഫ് വർദ്ധനവ് കൊണ്ടുവന്നതിന് ശേഷം പ്രീപെയ്ഡ് ഉപഭോക്താക്കളെ പ്രീതിപ്പെടുത്തുന്നതിനാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്.

അതേസമയം, ഡിസംബർ 7 മുതൽ വോയ്‌സ് കോളുകൾക്കുള്ള പരിധി നീക്കം ചെയ്യുന്നുവെന്ന് എയർടെൽ പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യം മനസിലാക്കി നാളെ മുതൽ എല്ലാ അൺലിമിറ്റഡ് പ്ലാനുകളിലും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും യാതൊരുവിധ പരിധിയും ഇല്ലാതെ കോളുകൾ ചെയ്യാമെന്ന് എയർടെൽ ട്വിറ്ററിൽ കുറിച്ചു.

എയർടെൽ മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 219 രൂപ, 319 രൂപ, 449 രൂപ എന്നീ നിരക്കുകളിലാണ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഈ പ്ലാനുകളിലൂടെ ദിവസവം അൺലിമിറ്റഡ് കോളിംഗ് ഉപയോക്താവിന് ലഭിക്കുന്നു. 219 രൂപയുടെ പ്ലാനിലൂടെ 1 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി. 319 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡാറ്റ ലഭിക്കും.

449 രൂപയുടെ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ലഭിക്കുക. 56 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. പുതുതായി അവതരിപ്പിച്ച മൂന്ന് പ്ലാനുകൾക്ക് ഒപ്പവും ഉപയോക്താക്കൾക്ക് സൗജന്യ ഹലോ ട്യൂണുകൾ, പരിധിയില്ലാത്ത വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷനിലേക്കുള്ള സൗജന്യ ആക്സസ് എന്നിവ ലഭിക്കുന്ന എയർടെൽ താങ്ക്സ് എന്ന അപ്ലിക്കേഷനിലേക്കുള്ള സൗജന്യ ആക്സസ് ലഭിക്കുന്നു.

ഏകദേശം മൂന്ന് വർഷത്തോളം വളരെ കുറഞ്ഞ നിരക്കുകളിൽ സൗജന്യ ഓഫറുകൾ നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് ടെലികോം ഓപ്പറേറ്റർമാർ അവരുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചത്. പ്ലാനുകളുടെ വില കമ്പനികൾ 40 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. ഈ പുതിയ താരിഫുകൾ ടെലികോം മേഖലയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരിഫ് വർദ്ധനയിലൂടെ ഏകദേശം 53,000 കോടി രൂപയോളം വരുമാനം വർദ്ധിക്കുമെന്നാണ് ചില വിശകലന വിദഗ്ധർ കരുതുന്നത്. പ്രവർത്തന ലാഭവും 42,000 കോടി രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. എയർടെല്ലിനെയും വോഡഫോൺ ഐഡിയയെയും ഇത് തീർച്ചയായും സഹായിക്കും. കഴിഞ്ഞ പാദത്തിൽ 74,000 കോടി രൂപയുടെ നഷ്ടമാണ് ഇരു കമ്പനികൾക്കും ഉണ്ടായത്.

Comments are closed.