സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പത്ത് പേരുള്ള യോഗ്യതാപട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരുമടക്കം പത്ത് പേരുള്ള യോഗ്യതാപട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. എം.പിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ക്കൊപ്പം എന്‍.എസ്. നുസൂര്‍, എസ്.ജെ. പ്രേംരാജ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, വിദ്യാബാലകൃഷ്ണന്‍ എന്നിവരാണ് പത്തംഗ പട്ടികയില്‍ ഉള്ളത്.

ജനപ്രതിനിധികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് വരുന്നതിനെ ഏറ്റവുമധികം എതിര്‍ത്ത ഹൈബി ഈഡനാണ് പട്ടികയിലെ ആദ്യ പേരുകാരന്‍. എ ഗ്രൂപ്പ് ഷാഫി പറമ്പിലിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ഐ ഗ്രൂപ്പ് കെ.എസ്. ശബരിനാഥനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചെങ്കിലും ശക്തമായ എതിര്‍പ്പാണുള്ളത്. കെ.പി.സി.സി പ്രസിഡന്റും കെ.എസ്.യു പ്രസിഡന്റും മലബാറില്‍ നിന്നായിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെക്കന്‍ ജില്ലയിലാവണമെന്നാണ് ആവശ്യം.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ചുമതലയുള്ള എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവുരുവിനോടും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനോടും തിരഞ്ഞെടുപ്പ് ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് സംഘടനാ ജനറല്‍സെക്രട്ടറി രവീന്ദ്രദാസിനോടും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നു. ഹൈബിയെയും ശബരിനാഥനെയും പ്രൊഫോര്‍മ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ എന്ത് സംഘടനാപ്രവര്‍ത്തനമാണ് നേതൃത്വം വിലയിരുത്തിയതെന്നാണ് ചോദിക്കുന്നത്.

Comments are closed.