ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ വീണ് നാലരവയസുകാരന്‍ മരിച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടുംപറമ്പിലെ കാമ്പസില്‍ ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ നാലരവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ത്ഥി ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകനായ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി. രഘുനാഥിന്റെയും കണ്ണൂര്‍ യൂണിവേഴ്സിറ്റി ജേര്‍ണലിസം വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം സ്മിതയുടെയും മകന്‍ ദര്‍ശാണ് മരിച്ചത്.

സ്‌കൂള്‍ അവധിയായതിനാല്‍ സ്മിത ദര്‍ശിനേയും കൂട്ടിയാണ് ഓഫീസിലെത്തുകയും പുറത്ത് കളിക്കാന്‍ പോയ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് കരുതുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ കുട്ടിയെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയയാണ് സഹോദരി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.

Comments are closed.