ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ഗാന്ധി നഗറില്‍ വീല്‍ ഘടിപ്പിച്ച ഗേറ്റില്‍ കുട്ടി തൂങ്ങിക്കളിച്ചു കൊണ്ടിരിക്കെ ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒമ്പത് വയസുകാരന്‍ മരിച്ചു. തൂങ്ങിയാടുന്നതിനിടെ വീല്‍ തെന്നിമാറി ഗേറ്റ് അമന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തമിഴ് സെല്‍വന്‍- മുത്തു ലക്ഷ്മി ദമ്പതികളുടെ മകന്‍ അമനാണ് മരിച്ചത്.

പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമനെ തലയ്ക്ക് ഗുരുതര പരിക്കേറ്റ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തമിഴ് സെല്‍വന്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് അസാമിലെ ക്യാമ്പിലേക്കു മടങ്ങിയത്. മാതാവ് മുത്തു ലക്ഷ്മി ഗ്രാമ്പി ഗവ. എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയാണ്. സഹോദരന്‍ അമിത്കുമാര്‍. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മൗണ്ട് പൊതുശ്മശാനത്തില്‍ നടക്കുന്നതാണ്.

Comments are closed.