കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും

ബെംഗളുരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും. പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ ഫലം വ്യക്തമാകുന്നതാണ്. 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. എന്നാല്‍ 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാറന് തിരിച്ചടിയായത്. 17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്ക് മാത്രമേ കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ.

മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാതെ നീട്ടിയിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആയി. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ചേര്‍ന്നാല്‍ 101 ആയി.

ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണുള്ളത്. അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.

Comments are closed.