നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ സി.ബി.ഐ. അന്വേഷണം രണ്ടരമാസം പിന്നിട്ടിട്ടും നടപടികളായില്ല

കൊച്ചി : നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന കാരണത്താല്‍ കേസ് സി.ബി.ഐയ്ക്കു വിട്ടു സര്‍ക്കാര്‍ ഉത്തരവായി രണ്ടരമാസം പിന്നിട്ടിട്ടും കേസന്വേഷണ നടപടികളാവാത്തതിനാല്‍ കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ ഇതു ചോദ്യംചെയ്തു നിയമ നടപടിക്കൊരുങ്ങുന്നു.

രാജ്കുമാറിന്റെ മരണത്തിലേക്കു നയിച്ച സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് അത് അന്വേഷിക്കാതെ കസ്റ്റഡി മരണക്കേസ്മാത്രം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. അനധികൃത കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സാഹചര്യത്തില്‍ പുറമേനിന്നു ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായംകൂടി തേടണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അന്വേഷണം തുടങ്ങാത്ത സാഹചര്യത്തില്‍ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന പീരുമേട് സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ബാസ്റ്റിന്‍ ബോസ്‌കോ മുതല്‍ താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷ് വരെയുള്ളവര്‍ ഇതിനകം ജോലിയില്‍ തിരികെ പ്രവേശിച്ചുകഴിഞ്ഞു.

ജൂണ്‍ 12നാണ് ചിട്ടി ഇടപാടുകാരനായ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയ പോലീസ് നാലു ദിവസം കഴിഞ്ഞു രാജ്കുമാറിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇയാളെ ജൂണ്‍ 17നു പീരുമേട് സബ് ജയിലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുണ്ടായ ക്രൂരമര്‍ദനത്തില്‍ 21നു മരിച്ചിരുന്നു.

Comments are closed.