ദൈവം സഹായിച്ചാല്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ഞാന്‍ ചെയ്തു തീര്‍ക്കും : നടന്‍ ഷെയിന്‍ നിഗം

അമ്മയും ഫെഫ്കയും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെ എല്ലാവരും സഹകരിച്ചാല്‍ സിനിമ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും ഷെയിന്‍ നിഗം പറയുന്നു. ആരുടെയും സിനിമയില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്നൊക്കെ പറഞ്ഞത്. മാനസിക ബുദ്ധിമുട്ടുകള്‍ ഒരുപാട് അനുഭവിച്ചു. നീതി കിട്ടണം, എനിക്ക് അത്രയേയുള്ളു. മുടിവെട്ടിയത് പ്രതിഷേധമാണ്.

എനിക്ക് ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ഞാന്‍ ചെയ്തു തീര്‍ക്കും. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാളാണ് താന്‍. എനിക്കൊപ്പം ഉമ്മച്ചിയും സഹോദരിമാരും ഉണ്ടായിരിക്കും. അതിനപ്പുറത്തേയ്ക്ക് പലപ്പോഴും ആരും ഉണ്ടാകാറില്ല. ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. പ്രായവും പക്വതയും കുറവാണെന്ന് ഒരു കുറ്റപ്പെടുത്തല്‍ എനിക്കെതിരെ ഉയര്‍ന്നിരുന്നു.

എനിക്ക് പ്രായം കുറവാണെന്നതിനാല്‍ സിനിമ തരണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ ബുദ്ധികൊണ്ട് പ്രതികരിക്കാറില്ല. തികച്ചും വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്. എനിക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല. അതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായി തീര്‍ന്നതെന്നും ഷെയിന്‍ വ്യക്തമാക്കി.

Comments are closed.