പതിനേഴുകാരിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ ഉന്നതര്‍ക്കും പങ്ക് ; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

കൊല്ലം: പതിനേഴുകാരിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ ഉന്നതര്‍ക്കും പങ്ക്. പെണ്‍കുട്ടിയുടെ ബന്ധുവായ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊട്ടിയം പുല്ലിച്ചിറയില്‍ സ്വകാര്യ ഹോം സ്‌റ്റേ നടത്തുന്ന കരിക്കോട് കിണറുവിള കിഴക്കതില്‍ ഷിജു (35), പള്ളിക്കല്‍ പാറയില്‍ പടിഞ്ഞാറേപ്പറയില്‍ മിനി (33), പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ സബിയത്ത് (34) എന്നിവരെയാണ് കഴിഞ്ഞദിവസം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷിജുവും മിനിയും ദമ്പതികളെന്ന വ്യാജേനയാണ് ഹോം സ്‌റ്റേ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധുസ്ത്രീയും നേരത്തെ അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളിയിലെ ലോഡ്ജിലും പെണ്‍കുട്ടിയെ എത്തിച്ച് പലര്‍ക്കായി കാഴ്ചവച്ചതായും ഇടപാടുകാരുടെ വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൂടാതെ പല സ്ത്രീകളെയും ഇത്തരത്തില്‍ ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുന്നതാണ്.

Comments are closed.