സിറ്റി സെഡാന്റെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് ഹോണ്ട

നാലാം തലമുറ സിറ്റി സെഡാന്റെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിച്ച് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് ബിഎസ്-VI ഹോണ്ട സിറ്റിയുടെ എക്സ്ഷോറൂം വില.

ബിഎസ്-IV പതിപ്പിനേക്കാൾ ശരാശരി 15,000 രൂപയുടെ വർധനവാണ് പരിഷ്ക്കരിച്ച പതിപ്പിന് ഉണ്ടായിരിക്കുന്നത്. കൂടാതെ ബിഎസ്-IV കംപ്ലയിന്റ് സിറ്റി ഡീസൽ വകഭേദത്തിന്റെ വിലയും ഹോണ്ട ഉയർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ 5,000 രൂപയുടെ ഉയർച്ച മാത്രമാണ് ഡീസൽ യൂണിറ്റിന് ഉണ്ടായിരിക്കുന്നത്.

ബി‌എസ്-VI കംപ്ലയിന്റ് ഡീസൽ മോഡൽ 2020 ഏപ്രിൽ ഒന്നിന് മുമ്പായി വിപണിയിൽ എത്തുമെന്നും ജാപ്പനീസ് ബ്രാൻഡായ ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ബിഎസ്-VI കംപ്ലയിന്റ് മോഡലാണ് സിറ്റി. എന്നാൽ പെട്രോൾ എഞ്ചിനിൽ മാത്രമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

മുമ്പ് ലഭ്യമായ അതേ 119 bhp, 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതൊഴിച്ചാൽ വാഹനത്തിന് മറ്റ് നവീകരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

വാഹനത്തിന്റെ എല്ലാ പതിപ്പുകളിലും സ്റ്റാൻഡേർഡ് ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് അലോയ് വീലുകൾ, റിമോട്ട് ലോക്കിംഗ്, പവർ ഒആർവിഎമ്മുകളും വിൻഡോകളും, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇൻഫോടെയിൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും.

തങ്ങളുടെ ശ്രേണിയിലെ എല്ലാ എഞ്ചിനുകളും പുതിയ മലിനീകരണ നിരോധന ചട്ടം നിലവിഷ വരുന്ന 2020 ഏപ്രിൽ ഒന്നിന് മുമ്പായി പരിഷ്ക്കരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ബി‌എസ്-VI ഹോണ്ട സിറ്റിയുടെ വില വർധനവ് ഇടത്തരം സെഡാന്റെ വിൽപ്പനയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ഈ വിഭാഗത്തിലെ വിലയേറിയ കാറുകളിലൊന്നാണ് സിറ്റി.

C-വിഭാഗത്തിലെത്തുന്ന സെഡാൻ മോഡലുകളിൽ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് ഹോണ്ട സിറ്റി. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ടൊയോട്ട യാരിസ്, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ എന്നിവയാണ് സിറ്റിയുടെ വിഭാഗത്തിലെ പ്രധാന എതിരാളികൾ.

Comments are closed.