പൗരത്വ ഭേദഗതി നിയമം : സംഘര്‍ഷത്തില്‍ പെരുവഴിയിലായ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളാ ഹൗസ് അഭയമായി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോസ്റ്റലും സര്‍വകലാശാലകളും അടച്ചതോടെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്. തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചതോടെ ഇന്നലെ 70 ലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് പോകും വരെ താമസം നല്‍കാന്‍ തയ്യാറായി ഡല്‍ഹിയിലെ കേരളാ ഹൗസ്.

മാറാനുള്ള മതിയായ സമയം പോലും നല്‍കാതെയാണ് ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചതെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ശരിക്കും ദുരിതത്തിലായതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് ക്യാമ്പസില്‍ നിന്നും പൗരത്വ ബില്ലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികളെ ചില വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വിട്ടു.

പ്രതിഷേധങ്ങളില്‍ കൂടുതലായും പങ്കെടുക്കുന്നത് മലയാളി വിദ്യാര്‍ത്ഥികളാണ്. ക്യാമ്പസില്‍ ഭീകരാന്തരീക്ഷം നില നില്‍ക്കുന്നതായും പറഞ്ഞു. പോലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനം. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതായി മലയാളി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിട്ടുണ്ട്.

ഹിന്ദു കോളേജിലെ വിദ്യാര്‍ത്ഥികളാണ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പോലീസിനോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന് ഇവര്‍ പറയുന്നു. മലയാളി വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ചാണ് ആക്രമണവും ഭീഷണിയും മുഴക്കുന്നത്. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ നിര്‍ദേശിച്ചിരിക്കുകയാണ്.

Comments are closed.