നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

നെക്സോണ്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 19 -ാം തിയതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് നെക്‌സോണ്‍.

പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടുകൂടിയ, 30kWh ബാറ്ററി പായ്ക്കും വാഹനത്തില്‍ പ്രതീക്ഷിക്കാം. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അധികം വൈകാതെ തന്നെ വിപണിയില്‍ എത്തും.

അതുകൊണ്ട് തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാകും ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തുക. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കണ്ടിരിക്കുന്ന പുതുക്കിയ ബംമ്പറും, ഹെഡ്‌ലാമ്പുകളും, ഇലക്ട്രിക്ക് പതിപ്പിലും ഇടംപിടിക്കും.

ടാറ്റ ഹാരിയറിലും, ആള്‍ട്രോസിലും കണ്ടിരിക്കുന്ന സെമി-ഡിജിറ്റല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ് ഇലക്ട്രിക്ക് നെക്സോണിനും ലഭിക്കുക. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്‌സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്‌സോണില്‍ നടത്തിയത്.

Comments are closed.