കവിയൂര്‍ കൂട്ടമരണം സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി
തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണത്തില്‍ സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. 2005 ജനുവരിയിലാണ് കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നത്. 2004 സെപ്തംബര്‍ 28നാണ് ചുമത്ര ക്ഷേത്രത്തിലെ പൂജാരി കണ്ണൂര്‍ മയ്യില്‍ ചെറുപഴശ്ശി ഒണിക്ക്യാംപറമ്പ് കുണ്ടുംകര ഇല്ലത്ത് കെ.ഐ നാരായണന് നമ്പൂതിരി (42), ഭാര്യ കോഴിക്കോട് കുറ്റ്യാടി ചേലോട് ഇല്ലത്തു ശോഭന (32), മക്കളായ അനഘ, അഖില (7), അക്ഷയ് (5) എന്നിവരെ തിരുവല്ല കവിയൂര്‍ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനക്കേട് മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്നും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കവിയൂരിലെ മരണങ്ങള് ആത്മഹത്യ തന്നെയാണെന്ന് കഴിഞ്ഞ മൂന്നു റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ച സി.ബി.ഐ കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണെന്ന നിലപാടാണ് എടുത്തത്. എന്നാല്‍ കോടതി ഇത് തള്ളിയതോടെയാണ് പിതാവാണ് പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവില്ലെന്ന റിപ്പോര്‍ട്ടുമായി നാലാം തവണയും സി.ബി.ഐ കോടതിയില്‍ എത്തിയത്.
കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനു പിന്നാലെ മരണമടഞ്ഞ കേസിലെ മുഖ്യപ്രതി മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ലതാ നായരുമായി കുടുംബത്തിന് ബന്ധമുണ്ടെന്നും മകളെ ലതാ നായര്‍ പലര്‍ക്കും കാഴ്ചവച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ ജ്യോതിഷാലയം നടത്തിയിരുന്ന നമ്പൂതിരിയെ ലതാ നായര്‍ പല തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ലതാ നായരാണ് മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പില്‍ പറയുകയായിരുന്നു.
Comments are closed.