പ്ലാസ്റ്റിക് നിരോധനം : ആദ്യ നിയമലംഘനത്തിനു 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ ആദ്യ നിയമലംഘനത്തിനു 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50000 രൂപയും പിഴ ഈടാക്കുന്നതാണ്. എന്നാല്‍ ആദ്യ 15 ദിവസത്തേക്കു പിഴ ഈടാക്കേണ്ടെന്നാണു തീരുമാനിച്ചിരിക്കുന്നത്. എക്‌സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

ഇവയുടെ ഉല്‍പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ എന്നിവര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്തു സംസ്‌കരിക്കേണ്ടതാണ്. ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതാണ്. കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ,ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും അലങ്കാര വസ്തുക്കളും, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷുകള്‍ തുടങ്ങിയവ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിങ് ഉള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലി ലീറ്ററിനു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ലെക്‌സ് ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍.

Comments are closed.