തൃശ്ശൂര്‍ ജില്ലാ ജയിലിലെ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും അരലക്ഷം രൂപ പിടികൂടി

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലാ ജയിലില്‍ മോഷണക്കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും അരലക്ഷം രൂപ പിടികൂടി. ജയിലില്‍ ഇന്നലെ വൈകിട്ട് മൂന്നിന് അസി.സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (41) എന്നയാളുടെ അടിവസ്ത്രത്തില്‍ നിന്ന് അരലക്ഷം രൂപയോളം കണ്ടെടുത്തത്.

2000 രൂപയുടെ 25 നോട്ടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്ത് സുഹൈല്‍ ഒരുവട്ടം ജയില്‍ ചാടിയിരുന്നു. പണിക്കായി പുറത്തിറക്കിയ തക്കത്തിന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മതില്‍ചാടി ഓടുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ കൂട്ടാളികള്‍ രഹസ്യമായി കൈമാറിയ പണമാണിതെന്നു പോലീസ് നിഗമനം. തുടര്‍ന്ന് സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

Comments are closed.