ബിഎസ് VI തൂഫാന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു
2020 ഏപ്രില്‍ ഒന്നിന് മുന്നോടിയായി ബിഎസ് VI മോഡലുകളെ അവതരിപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് ഫോഴ്സ് മോട്ടാര്‍സ്. നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI തൂഫാന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.
പുതിയ ഗ്രില്ലും, പുതിയ ഹെഡ്ലാമ്പും, പുതുക്കിയ ബമ്പറും ബിഎസ് VI പതിപ്പിന്റെ പ്രധാന സവിശേഷതകളായിരിക്കും. പിന്നിലും മാറ്റങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെയില്‍ ലാമ്പിലും, പിന്നിലെ ബമ്പറിലുമാണ് പ്രധാന മാറ്റങ്ങള്‍.
പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണ ഓട്ടം. പുതിയ പതിപ്പ് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ഇല്ലെങ്കിലും അകത്തളത്തിലും ചെറിയ പരിഷ്കാരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവില്‍ വിപണിയിലുള്ള ഫോഴ്സ് ട്രാക്സ് തൂഫാന് മോഡലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 66 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.
അതേസമയം ബിഎസ് VI എഞ്ചിന് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും കരുത്തിലും, പെര്‍ഫോമന്‍സിലും വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
പുതിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും. 8.06 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള തുഫാന്‍ മോഡലിന്റെ വില. എന്നാല്‍ ബിഎസ് VI-ലേക്ക് പരീക്ഷകരിക്കുന്നതോടെ വില 12,000 രൂപ വരെയെങ്കിലും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോഴ്സ് ട്രാക്സ് വിപണിയില്‍ ഒരു മള്‍ട്ടി-പാസഞ്ചര്‍ വാഹനമാണ്. ആംബുലന്‍സ്, തൂഫാന്, ക്രൂയിസര്‍, ക്രൂയിസര്‍ സ്കൂള്‍ വാന്‍, ക്രൂയിസര്‍ ഡീലക്സ്, തൂഫാന് ഡീലക്സ് നിരകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.
ഫോഴ്സ് വണ്‍ പ്രീമിയം എസ്യുവി വിപണിയില്‍ എത്തിച്ചതോടെ ഫോഴ്സ് മോട്ടോര്‍സ് പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കടുത്ത മത്സരം കാരണം ആ വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടാന്‍ കമ്പനിക്ക് സാധിച്ചില്ല. അതിനാല്‍ വാണിജ്യ-വാഹന വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫോഴ്സ് തീരുമാനിക്കുകയായിരുന്നു.
Comments are closed.