മഹീന്ദ്ര തങ്ങളുടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങുന്നു
പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI മഹീന്ദ്ര മറാസോയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.
എഞ്ചിന് ബിഎസ് VI -ലേക്ക് മാറ്റുന്നതിനൊപ്പം അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനൊപ്പം വകഭേദങ്ങളിലും കമ്പനി മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലായിരുന്നു വിപണിയില്‍ എത്തിയത്. എന്നാല്‍ പുതിയ പതിപ്പ് എത്തുമ്പോള്‍ വകഭേദങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. M4+, M6+ എന്നിങ്ങനെ രണ്ട് പുതിയ വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.
തുടക്ക വകഭേദമായി M2 തന്നെ തുടരുമെങ്കിലും നിലവിലെ ഉയര്‍ന്ന വകഭേദമായ M8 ന് പകരം പുതിയ M6+ ആയിരിക്കും ഉയര്‍ന്ന വകഭേദമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ M6+ വകഭേദത്തില്‍ M8 -ല്‍ ലഭ്യമായിരുന്ന ഫീച്ചറുകള്‍ നല്‍കുമെന്നാണ് സൂചന.
ബിഎസ് VI മോഡലില്‍ എല്ലാ വകഭേദങ്ങളും 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തന്നെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കും. ബിഎസ് IV എന്ജിന് പുറപ്പെടുവിക്കുന്ന അതേ കരുത്ത് ബിഎസ് 6 എന്ജിന് ഉല്‍പ്പാദിപ്പിക്കുമെന്നാണ് സൂചന.
ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. അധികം വൈകാതെ തന്നെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.
നിലവില്‍ 10 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. പുതിയ പതിപ്പുകള്‍ എത്തുന്നതോടെ 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയര്‍ന്നേക്കും.
ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്പോക്ക് സ്റ്റീയറിങ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്ന ഹാന്‍ഡ്ബ്രേക്ക് ലിവര്‍ എന്നിവയെല്ലാം മറാസോയുടെ സവിശേഷതകളാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്.
ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി. മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും ബിഎസ് VI പതിപ്പില്‍ ഓട്ടോമാറ്റിക്കും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments are closed.