ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്കെതിരെ കടുത്ത നീക്കത്തിനൊരുങ്ങുകയാണ് ഇറാന്. രാജ്യത്ത് ആക്രമണം നടത്തിയതിന് അമേരിക്കയ്ക്കെതിരെ ഇറാക്ക് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാക്ക് പാര്‍ലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടു.
ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് യു.എസ് ഉള്‍പ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവകരാറില്‍ നിന്ന് ഇറാന് പിന്മാറുകയും തുടര്‍ന്ന് ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ടെഹ്റാനില്‍ ചേര്‍ന്ന ഇറാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കരാറില്‍നിന്നു 2018ല്‍ ട്രംപ് പിന്മാറിയിരുന്നു. തുടര്‍ന്ന്, ഏതാനും നിബന്ധനകളില്‍നിന്ന് ഇറാനും പിന്മാറിയിരുന്നു. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാന് സൂക്ഷിക്കാവൂ എന്നായിരുന്നു ആണവ കരാറില്‍ നിര്‍ദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി.
അധികമുള്ളതു വിദേശത്ത് വില്പന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതല്‍ യുറേനിയം അണുവായുധമുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറില്‍ അത്തരമൊരു നിര്‍ദേശം വച്ചിരുന്നു. എന്നാല്‍ രാജ്യാന്തര ആണവ ഏജന്‍സിയുമായുള്ള ബന്ധം തുടരാനും അമേരിക്കയുടെ ഉപരോധം പിന്‍വലിച്ചാല്‍ കരാറിലേക്കു മടങ്ങിയെത്താമെന്നുമാണ് ഇറാന് പറഞ്ഞത്.
Comments are closed.