പത്തൊന്‍പതുകാരിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
കാരക്കോണം : കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിനു സമീപം തുറ്റിയോട് പത്തൊന്‍പതുകാരിയെ കാമുകന് വീട്ടില്‍ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അജിത്കുമാറിന്റെയും സീമയുടെയും മകള്‍ അഷികയും (അമ്മു) വിളവംകോട് രാമവര്‍മ്മന്‍ചിറ ചെറുകുഴന്തല്‍കാല്‍ വീട്ടില്‍ മണിയുടെയും രമണിയുടെയും മകന് അനുവുമാണ് (24) മരണമടഞ്ഞത്.
പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്കും അഷിക ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കുകയുമായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേലില്‍ ശല്യം ചെയ്യില്ലെന്ന് പൊലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീര്‍പ്പിലെത്തിയതുമാണ്.
എന്നാല്‍ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയും വീടിന്റെ മുറ്റത്തു നിന്ന അഷികയുടെ അപ്പൂപ്പന് അപ്പുവാസു (ചെല്ലപ്പന്) നെ അപ്പൂപ്പനെ തള്ളിമാറ്റിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. അതേസമയം ഇതു കണ്ടയുടന്‍ ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു.
തുടര്‍ന്ന് അഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കതക് ചവിട്ടി തുറന്നപ്പോള്‍ ഇരുവരും ബോധരഹിതരായിരുന്നു. വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ അഭിഷേകാണ് അഷികയുടെ സഹോദരന്. മനുവാണ് അനുവിന്റെ സഹോദരന്.
Comments are closed.