വേമ്പനാട്ടുകായലിലെ നെടിയത്തുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് ഉടന്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് വിധി
ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് ചേര്‍ത്തല പാണാവള്ളി പഞ്ചായത്തില്‍ വേമ്പനാട്ടുകായലിലെ നെടിയത്തുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് ഉടന്‍ പൊളിക്കണമെന്ന് ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവായി. 57 വില്ലകള്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന 2013 ജൂലായ് 7ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് വിധി വന്നത്.
നിയമവിരുദ്ധമായ നിര്‍മ്മാണത്തിനെതിരെ തൈക്കാട്ടുശേരിയിലെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ജനസമ്പര്‍ക്ക സമിതിയും നല്കിയ ഹര്‍ജിയിലാണ് 2013ല്‍ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവിട്ടത്. പരിസ്ഥിതി മന്ത്രാലയം സംസ്ഥാന തീരദേശ പരിപാലന അതോറിട്ടിയില്‍ നിന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. നിയമം ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയതെന്ന് അതോറിട്ടി രണ്ട് തവണ കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കുകയുമായിരുന്നു.
അതേസമയം 1991ലെ തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ നെടിയതുരുത്തിന് ബാധകമല്ലെന്നതും കേരളത്തിലെ കായലുകള്‍ക്ക് നടുവിലുള്ള ദ്വീപുകളില്‍ നിയമം ബാധകമായത് 2011 മുതലാണെന്നും പദ്ധതിക്ക് 1996ലും കെട്ടിടനിര്‍മ്മാണത്തിന് 2007ലുമാണ് അനുമതി ലഭിച്ചതെന്നുമുള്ള വാദങ്ങളും തള്ളുകയായിരുന്നു.
നെടിയതുരുത്തിനോട് ചേര്‍ന്ന വെറ്റിലത്തുരുത്തില് ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് നിര്‍മ്മാണം തടഞ്ഞ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ കാപ്പികോ റിസോര്‍ട്ടിന്റെ കാര്യത്തിലും ബാധകമാണെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. നെടിയ തുരുത്ത് ദ്വീപിലെ ഏഴു ഹെക്ടറില്‍ റിസോര്‍ട്ട് നിര്‍മ്മിച്ച സ്ഥലം 1991ലെ തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സോണ്‍ മൂന്നില്‍ വരുന്നതാണെന്ന കേരള തീരദേശ പരിപാലന അതോറിട്ടിയുടെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.
Comments are closed.