അദാനി ഗ്രൂപ്പിന് കരാര്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ കാറ്റില്‍പറത്തി എന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ 45,000 കോടി രൂപയുടെ മുങ്ങിക്കപ്പല്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തുടര്‍ന്ന് മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രംഗത്ത് പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് കരാര്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ (ഡി.പി.പി) കാറ്റില്‍പറത്തി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കൂടാതെ റാഫേല്‍ വിമാന ഇടപാടില്‍ റിലയന്‍സിനെതിരെയും കോണ്‍ഗ്രസ് സമാനമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ 2019 സെപ്തംബര്‍ 11ന് അദാനി ഡിഫന്‍സും എച്ച്.എസ്.എല്ലും ചേര്‍ന്ന് കമ്പനി രൂപീകരിച്ചിരുന്നില്ല. കമ്പനിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ഉന്നതതല സമിതി കമ്പനിയെ പരിഗണിക്കാതിരുന്നത്.
നാവിക സേനയ്ക്കായി ആറ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാനുള്ള കരാറിനായി കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പല്‍ നിര്‍മ്മാണ, സംഭരണ വിഭാഗത്തിന് പൊതുമേഖലാകമ്പനികളായ മസഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്സ് കമ്പനി, ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ്, അദാനി ഡിഫന്‍സും ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡും ചേര്‍ന്ന സംയുക്ത കമ്പനി എന്നിവയില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നിര്‍മ്മാണസൗകര്യങ്ങള്‍, സാമ്പത്തിക സ്ഥിതി അടക്കമുള്ള യോഗ്യതകള്‍ എന്നിവ പ്രകാരം ഉന്നതതല സമിതി മസഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്സ് കമ്പനിയെയും എല്‍ ആന്‍ഡ് ടിയെയും തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തില്‍ ഒരു പരിചയവുമില്ലാത്ത അദാനി ഡിഫന്‍സും പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡും(എച്ച്.എസ്.എല്‍) ചേര്‍ന്ന കമ്പനിയെ പരിഗണിക്കാന്‍ പ്രതിരോധ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന് അവസരം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ സംഭരണ ചട്ടങ്ങളില്‍ ഇളവു വരുത്തി ക്രഡിറ്റ് റേറ്റിംഗ് യോഗ്യത ‘എ’ യില്‍ നിന്ന് ‘ബിബിബി’ ആയി കുറച്ചെന്നും കോണ്‍ഗ്രസ് പറയുന്നു.
Comments are closed.