അടിമാലിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി: അടിമാലിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ കമ്പിളി കണ്ടം തെള്ളിത്തോട് പുല് കവലയില്‍ അര്‍ത്തിയില്‍ ജോസ് (48), ഭാര്യ മിനി (42), മകന് അബിന്‍ ജോസഫ് (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാലു ഗ്ലാസുകളിലായാണ് വിഷം കലക്കിയത്. എന്നാല്‍ ഒരു ഗ്ലാസിലുള്ളവിഷം മാത്രം മേശപ്പുറത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ ഇളയ മകള്‍ അലീന (5) ഉണര്‍ന്നപ്പോള്‍ മാതാപിതാക്കളും സഹോദരനും മരിച്ചെന്ന് അറിഞ്ഞില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം വീണ്ടും കിടന്നു. കുറേകഴിഞ്ഞ് ഉണര്‍ന്നപ്പോഴും ആരും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വയനാട്ടിലുള്ള അമ്മയുടെ വീട്ടില്‍ ജോസിന്റെ മൊബൈല്‍ഫോണില്‍ വിളിക്കുകയും പപ്പയും അമ്മയും ചേട്ടനും എഴുന്നേല്ക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ സമീപത്തെ വീട്ടുകാരെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ജോസിന്റെ ഫോണിലേക്ക് അവസാനം വിളിച്ച ചിന്നാര്‍ സ്വദേശി പീതാംബരനെ വിളിച്ച അലീന വീട്ടില്‍ ആരും എഴുന്നേല്ക്കുന്നില്ല എന്നറിയിച്ചു. പീതാംബരനാണ് അയല്‍ പക്കത്തെ വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞത്. അതിനിടെ സര്‍വേക്ക് വന്ന അങ്കണവാടി ടീച്ചര്‍ വിവരമറിഞ്ഞ് മിനിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അലീനയാണ് എടുത്തത്. തുടര്‍ന്ന് ടീച്ചര്‍ വീട്ടിലെത്തി. വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അപ്പോള്‍ മുറിയില്‍ മരിച്ച് കിടക്കുകയായിരുന്ന മൂന്നു പേരുടെ നടുവില്‍ അലീന ഇരിപ്പുണ്ടായിരുന്നു.
ടീച്ചറാണ് വിവരം നാട്ടുകാരെ അറിയിച്ചത്. അതേസമയം ജോസ് കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യ മിനി ചിട്ടിയും മറ്റും നടത്തുകയായിരുന്നു. പാറത്തോടുള്ള ബാങ്കില്‍ മിനി അംഗമായ ചൈതന്യ സ്വയം സഹായ സംഘത്തിന്റെ 12 അംഗങ്ങളുള്ള പിരിവ് നടത്തിയിരുന്നു. പിരിച്ചെടുത്ത 40000 രൂപ ബാങ്കില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് മറ്റംഗങ്ങള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പണം വെള്ളിയാഴ്ച കൊടുക്കുമെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments are closed.