ആലപ്പുഴ കുടിവെള്ള പദ്ധതി : നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്റെ ചെലവില്‍ മാറ്റിസ്ഥാപിക്കല്‍ നടക്കില്ല

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ ഉടനടി ജോലികള്‍ തുടങ്ങിയില്ലെങ്കില്‍ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്റെ ചെലവില്‍ മാറ്റിസ്ഥാപിക്കല്‍ നടക്കില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് ശക്തമായി എതിര്‍ക്കുന്നതാണ് ജലഅതോറിറ്റിക്ക് തിരിച്ചടിയാവുന്നത്. കഴിഞ്ഞ ഡിസംബറില്‍ ജലവിഭവവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് ആലപ്പുഴയില്‍ യോഗം ചേര്‍ന്നത്.

43 തവണ പൊട്ടുകയും കുടിവെള്ളം കിട്ടാതെ ജനം വലയുകയും ചെയ്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. തകഴി മുതല്‍ കേളമംഗലം വരെ ഒന്നര കിലോമീറ്റിറിലെ കുടിവെള്ള പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉന്നത നിലവാരത്തിലുള്ള അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാത വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സമ്മതിക്കില്ല. റോഡ് ഒഴിവാക്കി മറ്റൊരു പാതയിലൂടെ പൈപ്പ് കൊണ്ടുപോകാനുള്ള രൂപരേഖ ആലപ്പുഴ ജലഅതോറിറ്റിയില്‍ നിന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

അതിലും തീരുമാനമായിരുന്നില്ല. നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ച കരാറുകാരനെ കൊണ്ടു തന്നെ പൈപ്പ് മാറ്റിസ്ഥാപിക്കാനാണ് മന്ത്രിതല യോഗം തീരുമാനിച്ചത്. മേയ് മാസം വരെയാണ് കരാര്‍ കാലാവധി. പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ കരാറുകാരന്റെ ചെലവില്‍ മാറ്റിസ്ഥാപിക്കല്‍ നടക്കില്ല. അതിനാല്‍ ജലഅതോറിറ്റി സ്വന്തം ചെലവില്‍ പൈപ്പുകള്‍ മാറ്റിയിടേണ്ടിവരും.

Comments are closed.