നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ തുടങ്ങാനിരിക്കെ ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. അതേസമയം പ്രതികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നടന് ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും.
എട്ടാം പ്രതി ദിലീപുള്പ്പെടെയുള്ളവര്ക്കെതിരെ കോടതി നേരത്തെ കുറ്റംചുമത്തിയിരുന്നു. പ്രതികള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ ഒന്നും ഒമ്പതും പത്തും പ്രതികളായ പള്‍സര്‍ സുനി, മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍, വിഷ്ണു എന്നിവര്‍ക്കെതിരെ കോടതി ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
എന്നാല്‍ പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാര്‍ അനുസരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ടതാണെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. കൂടാതെ കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകള്‍ ഇതിലുണ്ടെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് രണ്ടു കേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതില്‍ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിള്‍ബെഞ്ച് രണ്ടാമത്തെ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കുന്നതു പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി ഒന്നരമണിക്കൂര്‍ കേസ് നീട്ടിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് വൈകിട്ട് നാലരയ്ക്ക് വീണ്ടും പരിഗണിച്ചപ്പോള്‍ ദിലീപിനെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാനാവുമെന്നും ഗൂഢാലോചന നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതൊഴിവാക്കുകയല്ല, തന്റെ കേസില്‍ പ്രത്യേക വിചാരണ നടത്തുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി.
Comments are closed.