കൊറോണ വൈറസ് : ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടു വിമാനങ്ങള്‍ക്ക് പ്രവേശന അനുമതി തേടി ഇന്ത്യന്‍ വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് ഹൂബെയ് പ്രവിശ്യയിലെ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടു വിമാനങ്ങള്‍ക്ക് പ്രവേശന അനുമതി തേടി ഇന്ത്യന്‍ വിദേശമന്ത്രാലയം ചൈനീസ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. അതേസമയം ഹൂബെയ് തലസ്ഥാനമായ വുഹാനിലുള്ള 250 ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഒരു എയര്‍ ഇന്ത്യ വിമാനത്തിന് ചൈന അനുമതി നല്കി.
വിമാനം മുംബയില്‍ തയ്യാറാണ്. നടപടികള്‍ പൂര്‍ത്തിയായാല്‍ വുഹാനിലേക്ക് പുറപ്പെടും. അവിടത്തെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് അപേക്ഷയും സമ്മതപത്രവും കൈമാറിയിരുന്നു. തുടര്‍ന്ന് ചൈനയിലേക്കുള്ള അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
എയര്‍ഇന്ത്യയുടെ ഡല്‍ഹി – ഷാങ്ഹായി സര്‍വീസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നിറുത്തി.ഇന്‍ഡിഗോയുടെ ഡല്‍ഹി – ഷെങ്ദു, ബംഗ്ലുരു – ഹോംങ്കോംഗ് സര്‍വീസുകളും ഫെബ്രുവരി 1 മുതല്‍ 20 വരെ പിന്‍വലിച്ചു. അതേസമയം ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത – ഗുവാംഗ്ഷു സര്‍വീസ് തുടരുന്നതാണ്.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളിലെ ജീവനക്കാരോട് എന്‍.95 മാസ്ക്കുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഗയ, ഗുവാഹത്തി, വിശാഖപട്ടണം, വാരണാസി, ഗോവ, ഭുവനേശ്വര്‍ തുടങ്ങി 21 വിമാനത്താവളങ്ങളില്‍ കൂടി യാത്രക്കാരെ സ്ക്രീന്‍ ചെയ്യും. പൂനയിലെ എന്‍.ഐ.വി ലാബ് കൂടാതെ ആലുപ്പുഴ, ബംഗ്ലുരു, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലെ ലാബുകളിലും പരിശോധന ലഭ്യമാക്കി.
Comments are closed.