ക്രെറ്റയുടെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഹ്യുണ്ടായി
ഓട്ടോ എക്സ്പോയില്‍ പുതുതലമുറ ക്രെറ്റയെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. വിപണിയില്‍ എത്തിയ നാള് മുതല്‍ വാഹനം ശ്രേണിയില്‍ വന്‍ വിജയമായിരുന്നു.
എന്നാല്‍ എതിരാളികള്‍ ശക്തരായതോടെ ക്രെറ്റയുടെ വില്‍പ്പന ഇടിഞ്ഞു. ഇത് മനസ്സിലാക്കിയതോടെയാണ് ഇപ്പോള്‍ പുതുതലമുറ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഹ്യുണ്ടായി അടുത്തിടെ ചൈനീസ് വിപണിയില്‍ ക്രെറ്റയുടെ പുത്തന്‍ പതിപ്പിനെ അവതരിപ്പിച്ചിരുന്നു.
ആ ഡിസൈന്‍ സമാനമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പുത്തന്‍ ക്രെറ്റയ്ക്കും ലഭിക്കുക എന്നാണ് ടീസര്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നത്. കാസ്കേഡിങ് ഗ്രില്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്, പുതുക്കിയ ബമ്പര്‍ എന്നിവയകും പുതിയ ക്രെറ്റയുടെ മുന്നിലെ പ്രധാന മാറ്റങ്ങള്‍.
വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, സൈഡ് ക്ലാഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ് എന്നിവ വശങ്ങളിലെ സവിശേഷതകളായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പ ആണ് പിന്നിലെ പ്രധാന മാറ്റം. മൊത്തത്തില്‍, പുതിയ മോഡല്‍ നിലവിലെ പതിപ്പിനേക്കാള്‍ മികച്ചതും ആധുനികവുമാണ്.
അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ചേക്കും. പനോരാമിക് സണ്‍റൂഫ്, പരിഷ്കരിച്ച സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയ്ക്കും അകത്തളത്തിലെ സവിശേഷതകളായിരിക്കും.
ആംബിയന്റ് ലൈറ്റിങ് സിസ്റ്റം, സെന്‍ട്രല്‍ കണ്ട്രോള് സ്ക്രീനില്‍ 360 ഡിഗ്രി ക്യാമറ സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ബ്ലൂലിങ്ക് ആപ്പ് കണക്ടിവിറ്റി തുടങ്ങിയവും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും.
ഹ്യുണ്ടായി ക്രെറ്റ അതിന്റെ പ്ലാറ്റ്ഫോമും എഞ്ചിന് ഓപ്ഷനുകളും കിയ സെല്‍റ്റോസുമായി പങ്കിടും. അതുകൊണ്ട് തന്നെ സെല്‍റ്റോസ് GT ലൈനില്‍ കണ്ടിരിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് പുതിയ ക്രെറ്റയിലും ഇടംപിടിച്ചേക്കും.
ഗിയര്‍ബോക്സ് ഓപ്ഷനുകളും സെല്‍റ്റോസിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് യൂണിറ്റുകള്‍ക്കും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കും. പെട്രോളിനായി ഒരു ഓപ്ഷണല്‍ സിവിടിയും ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഡീസല്‍ യൂണിറ്റിനും ലഭിക്കും.
ട്യൂസോണ്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. ബിഎസ് VI എഞ്ചിന് കരുത്തിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
Comments are closed.