ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ത്തു

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ത്തു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ജാമിയയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്ത് വെടിവയ്പ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചന. തുടര്‍ന്ന് വെടിവയ്പ്പില്‍ അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തി.

അതേസമം ദില്ലി ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടത്തിയ പ്രതി കപില്‍ ഗുജ്ജാറിനെ ദില്ലി സാകേത് കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്. പ്രതി ആകാശത്തേക്ക് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാള്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.